വിപണിയിൽ അവതരിപ്പിച്ചതു മുതൽ അതിന്റെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇടത്തരം എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായ് ക്രെറ്റ. വരാനിരിക്കുന്ന ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എസ്‌യുവി അടുത്തിടെ അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്. ഇപ്പോൾ, എൻട്രി ലെവൽ ട്രിമ്മും പുറം നിറവും നീക്കം ചെയ്‍തുകൊണ്ട് ഹ്യുണ്ടായി അതിന്റെ വേരിയന്റ് ലൈനപ്പ് പുന:ക്രമീകരിച്ചു.

ക്രെറ്റ നിരയിൽ നിന്ന് സിഗ്നേച്ചർ മൾബറി റെഡ് കളർ ഓപ്ഷൻ ഹ്യുണ്ടായ് നിർത്തലാക്കി. എസ്‍യുവി ഇപ്പോൾ ആറ് പെയിന്റ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഡെനിം ബ്ലൂ, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ്, പോളാർ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണവ

ക്രെറ്റ ലൈനപ്പിൽ നിന്ന് ഹ്യുണ്ടായ് എസ്എക്സ് എക്സിക്യൂട്ടീവ് ട്രിമ്മും നീക്കം ചെയ്തിട്ടുണ്ട്. ഈ ട്രിം ലെവൽ 2021-ൽ അവതരിപ്പിച്ചു. ഇത് S, SX വേരിയന്റുകൾക്ക് ഇടയിലാണ് സ്ഥാപിച്ചത്. SX എക്സിക്യൂട്ടീവ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 115 ബിഎച്ച്പി, 1.5 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ, 115 ബിഎച്ച്പി, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് മുൻ ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നത്.

2023 ഹ്യുണ്ടായ് ക്രെറ്റ രണ്ട് പവർട്രെയിനുകളിൽ ലഭ്യമാണ്. ഒരു 1.5L NA പെട്രോളും 1.5L ഡീസലും. രണ്ട് പവർട്രെയിനുകളും ആർ‌ഡി‌ഇ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു. കൂടാതെ E20 ഇന്ധനത്തിന് അനുസൃതവുമാണ്. 1.4 ലീറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഹ്യുണ്ടായ് ഇതിനകം നിർത്തിയിരിക്കുകയാണ്. ഈ എഞ്ചിന് പകരമായി പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ അൽകാസർ എസ്‌യുവിയിൽ അവതരിപ്പിച്ചു. ഉടൻ പുറത്തിറക്കാനിരിക്കുന്ന പുതിയ തലമുറ വെർണ സെഡാനും ഇത് കരുത്ത് പകരും.

ഹ്യുണ്ടായ് പുതിയ ക്രെറ്റയുടെയും പണിപ്പുരയിലാണ്. അത് ഇന്ത്യ-നിർദ്ദിഷ്ട മാറ്റങ്ങൾ സ്വീകരിക്കും. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 2024-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. പുതിയ മോഡലിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ക്യാബിനും ലഭിക്കും. ഇതോടൊപ്പം, എസ്‌യുവിക്ക് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ലഭിക്കും.