സ്‌കൈ ഡൈവിങ്, മലകയറ്റം, ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലും ഹംദാന്‍ തന്റെ ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
സാഹസിക കായിക പ്രകടനങ്ങള്‍ ചെയ്യാന്‍ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നയാളാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ബുര്‍ജ് ഖലീഫ നടന്നു കയറിയാണ് പുതുതായി ഷെയ്ഖ് ഹംദാന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ കായിക ക്ഷമത തെളിയിച്ചു ഷെയ്ഖ് ഹംദാന്‍ വീണ്ടും വെല്ലുവിളിക്കുകയാണ്.
ബുര്‍ജ് ഖലീഫയുടെ 160 നിലകള്‍ 37 മിനിറ്റും 38 സെക്കന്‍ഡും എടുത്താണ് കീഴടക്കിയത്. ബുര്‍ജ് ഖലീഫ ചാലഞ്ച് എന്നു പേരിട്ട പ്രകടനത്തിന്റെ മുന്നൊരുക്കം ഷെയ്ഖ് ഹംദാന്‍ മാധ്യമങ്ങളില്‍ പങ്കുവെച്ചു. 710 കാലറിയാണ് ബുര്‍ജ് ഖലീഫയിലേക്കുള്ള നടന്നു കയറ്റത്തില്‍ ഇല്ലാതായത്.
കഴിഞ്ഞയാഴ്ച നടന്ന ദുബായ് റണ്ണില്‍ 10 കിമീ ഓട്ടത്തില്‍ ഷെയ്ഖ് ഹംദാന്‍ പങ്കെടുത്തിരുന്നു. സ്‌കൈ ഡൈവിങ്, മലകയറ്റം, ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലും ഹംദാന്‍ തന്റെ ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ 14 നാണ് ഷെയ്ഖ് ഹംദാന്‍ 40ാം പിറന്നാള്‍ ആഘോഷിച്ചത്. ഫസാ എന്നറിയപ്പെടുന്ന ഷെയ്ഖ് ഹംദാന്‍ 2008 മുതല്‍ ദുബായിയുടെ കിരീടാവകാശിയാണ്. തന്റെ ലാളിത്യം നിറഞ്ഞ പ്രവൃത്തികള്‍ കൊണ്ടും ഭരണമികവുകൊണ്ടും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇടയില്‍ ജനപ്രിയനാണ് ഷെയ്ഖ് ഹംദാന്‍.
2006 സെപ്തംബര്‍ എട്ടിനാണ് ഷെയ്ഖ് ഹംദാന്‍ ആദ്യ ഭരണചുമതലയിലേക്ക് എത്തിയത്. പിതാവും യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹംദാനെ ദുബായ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനായി നിയമിച്ചു. പിന്നീട്, രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 25ാം വയസ്സില്‍ ഷെയ്ഖ് ഹംദാനെ ദുബായ് കിരീടാവകാശിയായി നിയമിച്ചു.