രാജ്യത്ത് മൊബൈൽ ഫോൺ റീചാർജ്ജ് നിരക്കുകൾ ഉടൻ വർധിക്കും. നിരക്കുകൾ വർധിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഭാരതി എയർടെലാണ്. ചെയർമാൻ സുനിൽ മിത്തൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ജൂൺ മാസത്തിലാകും വർധനവെന്നതാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവർധന അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂൺ മാസത്തോടെ വർധനയ്ക്കാണ് തീരുമാനമെന്ന് മിത്തൽ പറഞ്ഞു. കഴിഞ്ഞ മാസം പ്രീപെയ്ഡ് പ്ലാനുകളുടെ അടിസ്ഥാന നിരക്ക് എയർടെൽ വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വർധന വരുന്നത്. എയർടെൽ പ്രഖ്യാപിച്ച നിരക്കുവർധന മറ്റു കമ്പനികളെയും സ്വാധീനിച്ചേക്കുമെന്നാണ് സൂചന.

എയർടെൽ ജൂൺ മാസത്തോടെ എല്ലാ പ്ലാനുകളിലും മൊബൈൽ ഫോൺ കോളുകളുടെയും ഡാറ്റയുടെയും നിരക്കുകൾ ഉയർത്താൻ പദ്ധതിയുണ്ടെന്നാണ് ഭാരതി എയർടെൽ എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞത്. കഴിഞ്ഞ മാസം കമ്പനി എട്ട് സർക്കിളുകളിൽ 28 ദിവസത്തെ മിനിമം റീ ചാർജ്ജ് സേവനപ്ലാനിന്റെ എൻട്രിലെവൽ നിരക്ക് വർധിപ്പിച്ച് 155 രൂപയാക്കി ഉയർത്തിയിരുന്നു. കമ്പനിയുടെ ബാലൻസ് ഷീറ്റ് തൃപ്തികരമാണെങ്കിലും, താരിഫ് വർദ്ധനവുണ്ടാകേണ്ടതുണ്ട്. ടെലികോം ബിസിനസിൽ, നിലവിൽ മൂലധനവരുമാനം കുറവാണെന്നും, ഈ വർഷം താരിഫ് വർദ്ധനവ് പ്രതീക്ഷാമെന്നും മിത്തൽ സൂചിപ്പിച്ചു. തിങ്കളാഴ്ച നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് നിരക്ക് വർധനവിനെക്കുറിച്ച് മിത്തൽ പറഞ്ഞത്. ചെറിയ വർദ്ധനവിനക്കുറിച്ചാണ് പറയുന്നതന്നും മിത്തൽ കൂട്ടിച്ചേർത്തു. രാജ്യത്ത് മിക്കതിനും വിലകൂടി. വാടക കൂടി, ശമ്പളം വർധിച്ചു ആർക്കും ഒന്നിനും പരാതിയില്ല. ഒന്നും നൽകാതെ ആളുകളിപ്പോഴും 30 ജിബി ഡാറ്റ ഉപയോഗിക്കുന്നുവെന്നും എയർടെല്ലിന് നിലവിൽ രാജ്യത്ത് വോഡഫോൺ ഐഡിയയുടെ പോലുള്ള സാഹചര്യമില്ലെന്നും മിത്തൽ പറഞ്ഞു.

അതേസമയം ഭാരതി എയർടെല്ലിന്റഎ 5 ജി നെറ്റ്വർക്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നതായാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും എയർടെൽ 5 ജി പ്ലസ് ലഭ്യമാണ്. 2024 ഓടെ മുഴുവൻ നഗരങ്ങളിലും, ഗ്രാമങ്ങളിലും 5 ജി സേവനങ്ങൾ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 5 ജി സേവനങ്ങൾ തുടങ്ങി ഒരു മാസത്തിനുള്ളിൽ 10 ലക്ഷം ഉപഭോക്താക്കള നേടിയെന്നും എയർടെൽ അവകാശപ്പെടുന്നുണ്ട്. നേരത്തെ എയർടെൽ 99 രൂപയുടെ ബേസിക് പ്ലാൻ ഒഴിവാക്കുകയും 155 രൂപയുടെ പ്ലാൻ ബേസിക് ഓപ്ഷനാക്കി മാറ്റുകയും ചെയ്തിരുന്നു. 2013 സാമ്പത്തികവർഷത്തിന്‍റെ രണ്ടാം പാദത്തിൽ എയർടെൽ എആർപിയു 190 രൂപയാണ്. നിലവിൽ ഇന്ത്യയിലെ ടെലികോം കമ്പനികളിൽ കൂടുതൽ എ ആർ പിയു ഉളളതും എയർടെല്ലിനാണ്.