ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. രാഷ്‌ട്രപതിഭവൻ കൾച്ചറൽ സെന്ററിൽ നടന്ന യോഗത്തിൽ രാജ്യത്തിന്റെ ശക്തി ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ജി20 അദ്ധ്യക്ഷസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത, ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ബി ജെ ഡി പ്രസിഡന്റ് നവീന്‍ പട്‌നായിക്, എ എ പി നേതാവ് അരവിന്ദ് കേജ‌്‌രിവാള്‍, വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ടി ഡി പി നേതാവ് എന്‍ ചന്ദ്രബാബു നായിഡു എന്നിവരും

ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, മുന്‍ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, എസ് ജയ്‌ശങ്കര്‍, പീയുഷ് ഗോയല്‍. പ്രഹ്ളാദ് ജോഷി, ഭുപേന്ദര്‍ യാദവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ജി20യുടെ പ്രധാന മുന്‍ഗണനകളെക്കുറിച്ച്‌ യോഗത്തില്‍ വിവരിച്ചു.

ഇന്ത്യയോട് മറ്റ് രാജ്യങ്ങള്‍ക്ക് ഇന്നുള്ള ആകര്‍ഷണത്തെക്കുറിച്ച്‌ വ്യക്തമാക്കിയ മോദി ജി20 അദ്ധ്യക്ഷ സ്ഥാനം കൂടുതല്‍ സാദ്ധ്യതകള്‍ക്കും അവസരങ്ങള്‍ക്കും വഴിതെളിക്കുമെന്നും ചൂണ്ടിക്കാട്ടി.

സര്‍വകക്ഷി യോഗത്തിനിടെ മോദിയും പ്രതിപക്ഷ നേതാക്കളും സൗഹൃദം പങ്കുവയ്ക്കുന്നതിന്റെയും തമാശ പറയുകയും കൈയില്‍ പിടിച്ച്‌ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.