ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി അർജന്റീന സെമിയിൽ. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസി, ലിയാൻഡ്രോ പാരഡേസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ഗോളുകൾ നേടി. മൂന്നാം കിക്ക്‌ എടുത്ത എൻസോ ഫെർണാണ്ടസിന് മാത്രമാണ് പിഴച്ചത്.

കളിയുടെ ആദ്യ പകുതിയിൽ നഹ്വെല്‍ മൊളീനയും രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ ലയണൽ മെസിയുമാണ് വല ചലിപ്പിച്ചത്. 35-ാം മിനിറ്റില്‍ ലയണൽ മെസിയുടെ പാസിലാണ് മൊളീന വലകുലുക്കിയത്. 73-ാം മിനിറ്റില്‍ മെസ്സി പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടി. അക്യൂനയെ ബംഫ്രിസ് വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്.

മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. എന്നാൽ, ആദ്യ ഇരുപത് മിനിറ്റിൽ കാര്യമായ നീക്കങ്ങൾ ഉണ്ടാക്കാൻ ഇരു കൂട്ടർക്കും സാധിച്ചില്ല. 22-ാം മിനിറ്റിൽ മെസി ഒരു ലോങ് റേഞ്ചറിന് ശ്രമിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. രണ്ടാം പകുതിയിലെ 83-ാം മിനിറ്റിൽ സ്‌ട്രൈക്കർ വൗട്ട് വെഗ്‌ഹോസ്റ്റ് നെതർലൻഡ്സിനായി വല കുലുക്കി.

കളിയുടെ ഇഞ്ചുറി ടെെമിൽ അർജന്റീന ബോക്സിൽ ലഭിച്ച ഫ്രീകിക്കിൽ നിന്ന് സ്‌ട്രൈക്കർ വൗട്ട് വെഗ്‌ഹോസ്റ്റിലൂടെ നെതർലൻഡ്സ് സമനില ഗോൾ നേടി. ഇതോടെ ഇരു ടീമുകളും 2–2 എന്ന നിലയിൽ സമനിലയിലെത്തി. ഇഞ്ചുറി ടൈമില്‍ നെതര്‍ലന്‍ഡ്‌സിന്റെ സമനില ഗോള്‍ പിറന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

ഒടുവിൽ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് അർജന്റീന നെതർലൻഡ്സിനെ തകർത്ത് സെമിയിലേക്ക്. ഡിസംബർ 13ന് നടക്കുന്ന ആദ്യ സെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.