ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ (MCD) എഎപി (AAP) അധികാരത്തില്‍ വന്നാല്‍ മാര്‍ക്കറ്റുകള്‍ പാരീസിലെയും ലണ്ടനിലെയും പോലെ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ (Arvind Kejriwal).  ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടൗണ്‍ഹാളില്‍ വ്യാപാരികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ഡല്‍ഹി മാര്‍ക്കറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മോശം അവസ്ഥയിലാണ്. പാരീസിലും ലണ്ടനിലും മാര്‍ക്കറ്റുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പാരീസിന്റെയും ലണ്ടന്റെയും മാതൃകയില്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ പണിയും ‘ കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ നിങ്ങളുടെ ബിജെപി, കോണ്‍ഗ്രസ് സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലെത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ നഗരസഭകളിലെ അഴിമതി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കി. ‘മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ എംസിഡിയിലെ അഴിമതി ഭരണം ഞങ്ങള്‍ അവസാനിപ്പിക്കും. നിങ്ങളാണ് ഡല്‍ഹിയിലെ അഴിമതി വിഷയം ഉന്നയിച്ചത്. അഴിമതിയിലൂടെയല്ല ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുന്നത്. ഞങ്ങള്‍ വിജയിച്ച് മൂന്ന് നാല് മാസത്തിനുള്ളില്‍ എംസിഡിയിലെ അഴിമതി അവസാനിക്കും, കെജ്രിവാള്‍ പറഞ്ഞു.

‘ദേശീയ തലസ്ഥാനത്ത് വാറ്റ് ഇന്‍സ്‌പെക്ടര്‍ രാജ് അവസാനിപ്പിച്ചതുപോലെ എംസിഡിയിലും ഞങ്ങള്‍ ഇന്‍സ്‌പെക്ടര്‍ രാജ് അവസാനിപ്പിക്കും. എംസിഡിയും ഡല്‍ഹി ഗവണ്‍മെന്റും ഡല്‍ഹിയും പാക്കിസ്ഥാനുമാണ് എന്നതുപോലെയാണ് അവര്‍ എംസിഡി മാറ്റിയിരിക്കുന്നത്. അവര്‍ ഞങ്ങളോട് യുദ്ധം ചെയ്തുകൊണ്ടേയിരിക്കുന്നു. അവര്‍ മൂന്ന് മൊഹല്ല ക്ലിനിക്കുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.’മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയുടെ അധികാരത്തിലാണ് എംസിഡി ഇപ്പോളുളളത്. അതേസമയം ഡിസംബര്‍ 4 ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ കോര്‍പ്പറേഷന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് എഎപി ലക്ഷ്യമിടുന്നത്. ഡിസംബര്‍ 7 നാണ് വോട്ടെണ്ണല്‍. നേരത്തെ മാര്‍ച്ച്-ഏപ്രിലിലായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ പുനഃസംഘടിപ്പിക്കാനുളള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് വൈകുകയായിരുന്നു.