ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഈയാഴ്ച ആരംഭിക്കുകയാണ്. രോഹിത് ശര്‍മയുടെ കീഴില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ ഈ പരമ്പരയില്‍ അണിനിരത്തുന്നത്. മറുഭാഗത്ത് വെടിക്കെട്ട് ഓപ്പണര്‍ തമീം ഇഖ്ബാല്‍ നയിക്കുന്ന ബംഗ്ലാദേശ് ടീം അട്ടിമറി വിജയത്തിനു കോപ്പ് കൂട്ടുകയാണ്.

അതിനിടെ ഇന്ത്യന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ അക്രം ഖാന്‍. വലിയ താരനിരയുമായിട്ടാണ് ഇന്ത്യന്‍ ടീം വരുന്നതെങ്കിലും ബംഗ്ലാദേശാണ് ഫേവറിറ്റുകളെന്നു അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ധാക്കയിലാണ് ആദ്യ ഏകദിനം നടക്കുന്നത്

മിര്‍പൂരില്‍ വച്ച് വാര്‍ത്താസമ്മേളനത്തിലാണ് ബംഗ്ലാദേശ് ടീമിനെ ആരും വില കുറച്ച് കാണേണ്ടതില്ലെന്ന മുന്നറിയിപ്പ് അക്രം ഖാന്‍ നല്‍കിയത്. ഇന്ത്യ വളരെ മികച്ച ടീമാണ്. പക്ഷെ ഞങ്ങള്‍ക്കു നാട്ടില്‍ കൡക്കുന്നതിന്റെ ആനുകൂല്യമുണ്ട്. ഞങ്ങളുടെ താരങ്ങള്‍ക്കു ഇവിടെ നല്ല ബാക്ക്ഗ്രൗണ്ടാണുള്ളത്. ദൈവം അനുഗ്രഹിക്കുകയും കളിക്കാരെ ഞങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുകയും അവര്‍ ടീം പ്രതീക്ഷിക്കുന്നത് നല്‍കുകയും ചെയ്താല്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും അക്രം ഖാന്‍ പറഞ്ഞു.

ഇതിനു മുമ്പ് ഇന്ത്യ, പാകിസ്താന്‍, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയെല്ലാം ഞങ്ങള്‍ പരമ്പര വിജയം കൊയ്തിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റുകളുമെടുത്താല്‍ ടെസ്റ്റ്, ടി20 എന്നിവയേക്കാള്‍ ഞങ്ങള്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ളത് ഏകദിനത്തിലാണ്. ഇന്ത്യയുമായുള്ള വരാനിരിക്കുന്ന പരമ്പരയിലും നല്ല കളി കെട്ടഴിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും അക്രം ഖാന്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരേ നാട്ടില്‍ മികച്ച റെക്കോര്‍ഡാണ് ബംഗ്ലാദേശിനുള്ളത്. ഏറ്റവും അവസാനമായി 2016ല്‍ ഇവിടെ പര്യടനം നടത്തിയപ്പോള്‍ ഇന്ത്യക്കു അപ്രതീക്ഷിത ഷോക്ക് നല്‍കിയിരുന്നു. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-1നായിരുന്നു ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്. ആദ്യത്തെ രണ്ടു മല്‍സങ്ങളും ജയിച്ച് ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ഇന്ത്യക്കെതിരേ അവരുടെ കന്നി ഏകദിന പരമ്പര നേട്ടം കൂടിയായിരുന്നു അത്. അന്നത്തെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരിക്കും ബംഗ്ലാദേശ് ഈ പരമ്പരയ്ക്കിറങ്ങുക.