സർവ്വേ ഫലം അനുകൂലമല്ലാത്തതോടെ, പുതിയ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. പകരക്കാരനെ കണ്ടെത്തിയാൽ ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയാമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. എന്നാൽ, ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ മാത്രമാണ് രാജിവെക്കുകയുള്ളൂ എന്നും മസ്ക് ട്വീറ്റില്‍ കുറിച്ചു. അതേസമയം, ട്വിറ്റർ സജീവമായി നിലനിർത്താൻ കഴിയുന്ന ജോലി ഏറ്റെടുക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും, അതിനാൽ തനിക്ക് പിൻഗാമി ഉണ്ടാകാൻ സാധ്യതയിൽ നിന്നും മസ്ക് കൂട്ടിച്ചേർത്തു. സിഇഒ സ്ഥാനം രാജി വെച്ചാൽ സോഫ്റ്റ്‌വെയർ സെർവറുകളുടെ ചുമതലയാണ് മസ്ക് ഏറ്റെടുക്കുക.
കഴിഞ്ഞ ദിവസമാണ് മസ്ക് വളരെ വ്യത്യസ്ഥമായ സർവ്വേ സംഘടിപ്പിച്ചത്. താൻ ട്വിറ്റർ മേധാവിയായി വേണ്ടയോ എന്ന ചോദ്യം നൽകിയാണ് സർവ്വേ ആരംഭിച്ചത്. വോട്ടെടുപ്പ് തുടങ്ങി മിനിറ്റുകൾക്കകം സർവ്വേ ഫലം മസ്കിനെതിരെ ആയിരുന്നു. ഏകദേശം 57.5 ശതമാനം ഉപയോക്താക്കളാണ് മസ്കിനോട് സിഇഒ സ്ഥാനത്തു നിന്നും പടിയിറങ്ങാൻ ആവശ്യപ്പെട്ടത്.