ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജിയില്‍ ഇന്ന് നടന്ന മത്സരങ്ങളില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണ്‍ തോല്‍പ്പിച്ചപ്പോള്‍ സെര്‍ബിയയെ 3-2ന് സ്വിറ്റ്സര്‍ലന്‍ഡും പരാജയപ്പെടുത്തി. 6 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ അട്ടിമറി ജയത്തോടെ കാമറൂണും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വിറ്റ്സര്‍ലന്‍ഡിനും സെര്‍ബിയക്കും പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങേണ്ടി വന്നു. തുടര്‍ച്ചയായ മൂന്നാം ജയം സ്വപ്നം കണ്ട കാനറികള്‍ക്ക് കാമറൂണ്‍ നല്‍കിയത് വമ്പന്‍ ഷോക്ക് തന്നെയാണ്.

ഗ്രൂപ്പ് ജിയില്‍ നിന്ന് ഹാട്രിക് ജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ കടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രസീല്‍ കാമറൂണിനെ നേരിടുന്നത്. 4-4-2 ഫോര്‍മേഷനിലിറങ്ങിയ ബ്രസീലിനെ പ്രതിരോധത്തില്‍ നാല് പേരെ അണിനിരത്തി 4-2-3-1 ഫോര്‍മേഷനിലൂടെയാണ് കാമറൂണ്‍ നേരിട്ടത്. രണ്ടാം മിനുട്ടില്‍ത്തന്നെ ബ്രസീലിന്റെ റോഡ്രിഗോയുടെ മുന്നേറ്റം കണ്ടെങ്കിലും കാമറൂണ്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ആറാം മിനുട്ടില്‍ കാമറൂണിന്റെ നോഹു ടോളോയും ഏഴാം മിനുട്ടില്‍ ബ്രസീലിന്റെ ഈഡര്‍ മിലിട്ടാവോയും ഫൗള്‍ ചെയ്ത് മഞ്ഞക്കാര്‍ഡ് വാങ്ങി.

ആദ്യ പകുതിയില്‍ ലഭിച്ച എക്സ്ട്രാ ടൈമിന്റെ മൂന്നാം മിനുട്ടില്‍ ബ്രസീല്‍ ശരിക്കും ഞെട്ടി. ബ്രയാന്‍ എംബ്യൂമോയുടെ ഹെഡര്‍ തകര്‍പ്പന്‍ ഡൈവിലൂടെ എഡേഴ്സന്‍ തട്ടിയകറ്റി. ഗോളെന്നുറപ്പിച്ച ഹെഡറാണ് എഡേഴ്സന്റെ മികവിലൂടെ നഷ്ടപ്പെട്ടത്. ബ്രസീലിന്റെ രക്ഷകനായി എഡേഴ്സന്‍ മാറി. ആദ്യ പകുതിയില്‍ 68 ശതമാനം പന്തടക്കിവെച്ച ബ്രസീല്‍ 1നെതിരേ 10 ഗോള്‍ശ്രമം നടത്തിയെങ്കിലും ഒരു തവണ പോലും ലക്ഷ്യം കാണാനായില്ല.

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെക്കാന്‍ ബ്രസീലിന് സാധിക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ സാധിക്കുന്നില്ല. കാമറൂണ്‍ ഗോളിയുടെ മികവും ബ്രസീലിന് വലിയ വെല്ലുവിളിയായി. 64ാം മിനുട്ടില്‍ ഗെബ്രിയേല്‍ ജെസ്യൂസിനെ പിന്‍വലിച്ച് പെഡ്രോയെ കളത്തിലിറക്കി. 67ാം മിനുട്ടില്‍ എവര്‍ട്ടന്‍ റിബീറോയുടെ മുന്നേറ്റം പ്രതിരോധം തടുത്തു. 83ാം മിനുട്ടില്‍ ഡാനി ആല്‍വസിന്റെ ഫ്രീ കിക്കും പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു.

ഗ്രൂപ്പ് ജിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് 4-1-2-3 ഫോര്‍മേഷനിലിറങ്ങിയപ്പോള്‍ 3-4-1-2 ഫോര്‍മേഷനിലാണ് സെര്‍ബിയ ബൂട്ടുകെട്ടിയത്. രണ്ട് കൂട്ടര്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താന്‍ ജയം അനിവാര്യമായതിനാല്‍ ശക്തമായ പോരാട്ടമാണ് തുടക്കം മുതല്‍ കണ്ടത്. 11ാം മിനുട്ടില്‍ സെര്‍ബിയക്ക് ലഭിച്ച സുവര്‍ണ്ണാവസരം മുതലാക്കാനായില്ല. ആന്‍ഡ്രിജ സിവ്കോവിച്ചിന്റെ ഷോട്ട് ഇടത് പോസ്റ്റിലടിച്ച് മടങ്ങി. അല്ലായിരുന്നുവെങ്കില്‍ മനോഹരമായൊരു ഗോള്‍ കാണാമായിരുന്നു. 14ാം മിനുട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗ്രാനിറ്റ് ഷാക്കയുടെ മുന്നേറ്റം പ്രതിരോധ നിരയില്‍ തട്ടി തകര്‍ന്നു.