രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും. ബുധനാഴ്ച രാവിലെയാണ് രാജസ്ഥാനിലെ സവായ് മധോപൂരിൽനിന്ന് രഘുറാം രാജനും ജോഡോ യാത്രയിൽ പങ്കെടുത്തത്. രാഹുലുമായി സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്ന രഘുറാം രാജന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇതോടെ കേന്ദ്രത്തിനെതിരെ രഘുറാം രാജൻ പല വിമർശനങ്ങളും ഉന്നയിച്ചിരുന്നത് രാഷ്ട്രീയ ലാഭത്തിനായിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ ചർച്ച. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടുവലിച്ചുവെന്ന് രഘുറാം രാജൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു

ഇതുകൂടാതെ, ഇന്ത്യയുടെ സമ്പദ് ഘടന പിന്നോട്ട് പോകുമെന്ന് ഇദ്ദേഹം പറഞ്ഞതിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ ജിഡിപി ഉയർന്നത് പരിഹാസത്തിനും വഴി വെച്ചിരുന്നു. അതേസമയം, സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങൾ പിന്നിട്ടാണ് രാജസ്ഥാനിലെത്തിയത്. 2023 ഫെബ്രുവരിയിൽ ജമ്മു കശ്മീരിൽ യാത്ര സമാപിക്കും. ചില സിനിമാ താരങ്ങളും, ആക്ടിവിസ്റ്റുകളും ഇതിനകം യാത്രയിൽ അണിനിരന്നിട്ടുണ്ട്.