ഇഞ്ചിക്ക് ഒട്ടേറെ ഔഷധ​ഗുണങ്ങളുണ്ട്. പല രോ​ഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറ് വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി നല്ലതാണ്.

കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് എത്ര കടുത്ത കഫ ശല്യവും ഇല്ലാതാക്കും. ഇഞ്ചി, തിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലർത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും.

കൊളസ്ട്രോള്‍ നിയന്ത്രണത്തിന് അര ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേർത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നത് നല്ലതാണ്. ഇഞ്ചി, വയമ്പ്‌ ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ്‌ ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.