ഗൂഗിളിന്റെ വിവിധ സേവനങ്ങളിലെയും ഉൽപ്പന്നങ്ങളിലെയും പിഴവുകൾ കണ്ടെത്തിയ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് കോടികൾ പാരിതോഷികം നൽകി കമ്പനി. സുരക്ഷാ പിഴവുകളും മറ്റും കണ്ടെത്തി പരിഹരിക്കാൻ സഹായിച്ചവർക്ക് കഴിഞ്ഞ വർഷം 1.2 കോടി ഡോളറാണ് നൽകിയത്. ഇത് സംബന്ധിച്ച കണക്കുകൾ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പുറത്തുവിട്ടിട്ടുണ്ട്. 2022- ൽ ആൻഡ്രോയിഡ് വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിന് 48 ലക്ഷം ഡോളർ പ്രതിഫലം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 700 വിദഗ്ധർക്കാണ് ഈ തുക നൽകിയത്.

ഗൂഗിളിൽ തെറ്റുകൾ കണ്ടെത്തുന്ന വിദഗ്ധരുടെ പട്ടികയിൽ ഇന്ത്യക്കാരനായ അമൽ പാണ്ഡെയാണ് ഒന്നാമത് ഉള്ളത്. 2022- ൽ മാത്രം ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ 200- ലധികം പിഴവുകൾ അമൽ പാണ്ഡെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, 2019 മുതൽ ഇതുവരെ വിആർപി പ്രോഗ്രാമിന് കീഴിൽ 500- ലധികം അമൽ പാണ്ഡെ പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. അമൽ പാണ്ഡെയ്ക്ക് പുറമേ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയ നിരവധി ഇന്ത്യക്കാർക്ക് ഗൂഗിൾ പാരിതോഷികം നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് ചിപ്സെറ്റ് സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം 2022- ൽ പിഴവുകൾ കണ്ടെത്തിയവർക്ക് 4.80 ലക്ഷം ഡോളർ പ്രതിഫലം നൽകിയിട്ടുണ്ട്. ക്രോം വിആർപിയിൽ സുരക്ഷാ പിഴവുകൾ കണ്ടെത്തിയവർക്ക് 40 ലക്ഷം ഡോളറാണ് സമ്മാനിച്ചത്.