മലയാളത്തിലെ ആദ്യ നായികയായ പി. കെ റോസിയുടെ ജന്മദിനത്തിൽ ആദരവ് ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. പി.കെ റോസിയുടെ 120-ാം ജന്മദിനമായ ഇന്ന് ഗൂഗിളിന്റെ ഹോം പേജിൽ അവരുടെ ഛായ ചിത്രമാണ് ഗൂഗിൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനായി ഗൂഗിൾ പ്രത്യേക ഡൂഡിൽ തന്നെ ഒരുക്കിയിട്ടുണ്ട്. പ്രധാന ദിവസങ്ങളിൽ വ്യക്തികളെയോ, സംഭവങ്ങളെയോ ഓർക്കാനായി ഗൂഗിൾ തങ്ങളുടെ ലോഗോയ്ക്കൊപ്പം കൂട്ടിച്ചേർക്കുന്ന പ്രത്യേക ആർട്ടിനെയാണ് ഡൂഡിൽ എന്ന് വിശേഷിപ്പിക്കുന്നത്.

ഗൂഗിളിന്റെ ഹോം പേജിൽ തെളിയുന്ന പി. കെ റോസിയുടെ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ അവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേക്ക് നയിക്കുന്നതാണ്. 1930- ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലൂടെയാണ് പി. കെ റോസി അഭിനയ രംഗത്തേക്ക് എത്തുന്നത്. ജെ.സി ഡാനിയലായിരുന്നു വിഗതകുമാരന്റെ സംവിധായകൻ. കേരളത്തിലെ ആദ്യ നിശബ്ദചിത്രമെന്ന് വിശേഷിപ്പിക്കുന്ന വിഗതകുമാരനിൽ അഭിനേത്രിയായി എത്തിയ പി.കെ റോസിക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നില്ല. അക്കാലയളവിൽ നിരവധി ആക്ഷേപങ്ങളാണ് റോസിക്കെതിരെ ഉയർന്നത്