ഇന്ത്യ-ബംഗ്ലാദേശ് രണ്ട് മത്സര ടെസ്റ്റ് പരമ്പര 14ാം തീയ്യതി തുടക്കമാവുകയാണ്. ഏകദിന പരമ്പരയില്‍ തോല്‍വി നേരിട്ട ഇന്ത്യക്ക് ടെസ്റ്റ് പരമ്പര സ്വന്തമാക്കേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് പറയാം. എന്നാല്‍ പരിക്ക് ഇന്ത്യയെ അലട്ടുന്നു. നായകന്‍ രോഹിത് ശര്‍മക്ക് പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റ് പരമ്പര നഷ്ടമാവും. പകരം കെ എല്‍ രാഹുലാവും ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ പരമ്പര നേടേണ്ടത് അത്യാവശ്യമാണ്.
ഏകദിനത്തില്‍ ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശ് ടെസ്റ്റിലും വലിയ വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഏറ്റവും മികച്ച പ്ലേയിങ് 11 തന്നെ കളത്തിലിറക്കേണ്ടതായുണ്ട്. കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി പരീക്ഷിക്കപ്പെടുന്ന പരമ്പര കൂടിയാണിതെന്ന് പറയാം. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 ഇതാ.
ഇന്ത്യയുടെ ഓപ്പണര്‍മാരായി നായകന്‍ കെ എല്‍ രാഹുലും യുവതാരം ശുബ്മാന്‍ ഗില്ലുമാണ് ഇറങ്ങാന്‍ സാധ്യത. രാഹുലിന്റെ സമീപകാല ഫോം അത്ര മികച്ചതല്ല. ടെസ്റ്റിലും പരിമിത ഓവറിലും ഓപ്പണര്‍ സ്ഥാനത്തിന് പുറത്തുള്ള രാഹുലിന് തിരിച്ചുവരവ് നടത്താന്‍ ബംഗ്ലാദേശ് പരമ്പരയില്‍ മിന്നേണ്ടതായുണ്ട്. നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചാല്‍ രാഹുലിന് പ്ലേയിങ് 11 സ്ഥാനം കണ്ടെത്തുക പിന്നീട് പ്രയാസമാണെന്ന് പറയാം. ശുബ്മാന്‍ ഗില്‍ ലഭിച്ച അവസരങ്ങളിലെല്ലാം മികവ് കാട്ടുന്ന താരമാണ്. സമീപകാലത്തായി ഇന്ത്യ ഏകദിന ഓപ്പണറെന്ന നിലയില്‍ ഗില്ലിന് അവസരം നല്‍കിയപ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടെസ്റ്റില്‍ വിദേശത്തടക്കം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഗില്ലിന് ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്കാണ് അവസരം. ഇടവേളക്ക് ശേഷമിറങ്ങുന്ന പുജാരയുടെ പ്രകടനം കണ്ടറിയണം. കരിയറിന്റെ അവസാന ഘട്ടത്തിലൂടെ പോകുന്ന പുജാരക്ക് ടീമില്‍ തുടരാന്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. നാലാം നമ്പറില്‍ വിരാട് കോലി ഇറങ്ങും. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ കോലി മിന്നും ഫോമിലാണിറങ്ങുന്നത്. നിലവിലെ ഫോം ടെസ്റ്റിലും തുടരാന്‍ അദ്ദേഹത്തിനാവുമോയെന്നത് കണ്ടറിയാം. 72 അന്താരാഷ്ട്ര സെഞ്ച്വറികള്‍ ഇതിനോടകം നേടിക്കഴിഞ്ഞ കോലി പരമ്പരയില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടേണ്ടത് പരമ്പര നേട്ടത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാവും സ്ഥാനം. അജിന്‍ക്യ രഹാനെ മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്ത് നില്‍ക്കുമ്പോള്‍ പകരക്കാരനായി ശ്രേയസുണ്ടാവും. ഏകദിനത്തില്‍ സ്ഥിരതയോടെ കളിക്കുന്ന ശ്രേയസിന്റെ ടെസ്റ്റിലെ പ്രകടനം കാത്തിരുന്ന് കാണാം
ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്തുണ്ടാവും. പരിമിത ഓവറിലെ മോശം ഫോമിനെത്തുടര്‍ന്ന് വിമര്‍ശനം നേരിടുന്ന റിഷഭിന് ടെസ്റ്റില്‍ മികവ് കാട്ടി വിമര്‍ശകരുടെ വായടപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ടെസ്റ്റില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി കൈയടി നേടിയിട്ടുള്ള റിഷഭിന് പഴയ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കേണ്ടതായുണ്ട്. ആര്‍ അശ്വിനാണ് ഏഴാം നമ്പറില്‍. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിന് ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ട്. എട്ടാം നമ്പറിലും സ്പിന്‍ ഓള്‍റൗണ്ടറെ ഇന്ത്യ പരിഗണിച്ചേക്കും. അക്ഷര്‍ പട്ടേലിനാവും ഇന്ത്യ അവസരം നല്‍കുക. അക്ഷറിന്റെ സമീപകാല ബാറ്റിങ്ങും മികച്ചതായതിനാല്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ബംഗ്ലാദേശിലെ പിച്ച് സ്പിന്നിന് അനുകൂലമാണ്.
പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിന് ഇന്ത്യ പ്ലേയിങ് 11 അവസരം നല്‍കിയേക്കും. ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള ശര്‍ദുല്‍ പന്തുകൊണ്ടും ഞെട്ടിക്കാന്‍ കഴിവുള്ളവനാണ്. പേസ് നിരയില്‍ ഉമേഷ് യാദവും മുഹമ്മദ് സിറാജും ഇടം പിടിച്ചേക്കും. രണ്ട് പേരും ന്യൂബോളില്‍ മികവ് കാട്ടുന്നവരാണ്. ബംഗ്ലാദേശിനെ വിറപ്പിക്കാന്‍ ഇന്ത്യയുടെ പേസ് നിരക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.