ഇന്ത്യൻ നാവികസേനയുടെ എലൈറ്റ് സ്‌പെഷ്യൽ ഫോഴ്‌സിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു, മൂന്ന് പ്രതിരോധ സേവനങ്ങളിൽ ഏതെങ്കിലുമൊരു വിഭാഗത്തിൽ ആദ്യമായി കമാൻഡോകളായി സേവനമനുഷ്ഠിക്കാൻ അവരെ അനുവദിക്കുന്നു. ഇക്കാര്യം പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഞായറാഴ്ച പറഞ്ഞതായി, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കര, നാവിക, വ്യോമ സേനകളുടെ പ്രത്യേക ഫോഴ്‌സുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചില സൈനികർ മാത്രമാണ് എത്തുന്നത്.

ഇപ്പോൾ നാവികസേന ഈ മൂന്ന് സേവനങ്ങളിലും ആദ്യമായി സ്ത്രീകൾക്ക് ഈ അവസരം നൽകുകയാണ് . ‘നാവികസേനയിലെ സ്ത്രീകൾക്ക് അവർ തെരഞ്ഞെടുക്കുകയും മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ ഇപ്പോൾ മറൈൻ കമാൻഡോകളാകാം (Marcos). ഇന്ത്യൻ സേനയുടെ ചരിത്രത്തിൽ ഇതൊരു പുതുമയാണ്. എന്നാൽ പ്രത്യേക സേനാ വിഭാഗങ്ങളിലേക്ക് ആരെയും നേരിട്ട് നിയോഗിച്ചിട്ടില്ല. ആളുകൾ അതിന് സന്നദ്ധരാവണം’, പേര് വെളിപ്പെടുത്താത്ത മുതിർന്ന നാവിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക പ്രവർത്തന ഘടകമാണ്‌ മാർക്കോസ് (MARCOS). മറൈൻ കമാൻഡോസ് എന്നതിന്റെ ചുരുക്ക രൂപമാണ്‌ ഇത്. കരസേനയിലെ കരിമ്പൂച്ചകളുടെ (ബ്ലാക്ക് കാറ്റ്സ്) രീതിയിലുള്ള നാവിക കമാൻഡോസാണ്‌ ഇവർ. 1991 ലാണ് ഈ വിഭാഗം ആദ്യമായി പ്രവർത്തനക്ഷമമായത്. ഇന്ത്യൻ സായുധസേനകളിൽ സിഖുകാരല്ലാത്തവർക്കും താടി വയ്ക്കാൻ അനുവാദം ഉള്ള ഏക സേനാ ഘടകമാണ്‌ ഇത്. അതിനാൽ മാർക്കോസിന്‌ താടിക്കാരുടെ സൈന്യം (Bearded Army) എന്നും പേരുണ്ട്.

അതേസമയം, അടുത്ത വർഷം അഗ്നിവീരന്മാരായി ചേരുന്ന സ്ത്രീകൾക്കും നാവികർക്കും മാർക്കോസ് പരിശീലിക്കാൻ കഴിയുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇപ്പോൾ, ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ നാവികസേനാ അഗ്നിവീരുകളുടെ പരിശീലനം തുടരുകയാണ്. നാവികസേന ഈ പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നാവികസേനയ്‌ക്കുള്ള അഗ്നിവീറിന്റെ ആദ്യ ബാച്ചിൽ 3000 ട്രെയിനികൾ ഉൾപ്പെടുന്നു, അതിൽ 341 പേർ സ്ത്രീകളാണ്.