മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഇൻഫിനിക്സിന്റെ പുതിയ ഹാൻഡ്സെറ്റ് സീറോ 5ജി ( Infinix Zero 5G 2023) പുറത്ത‌ിറങ്ങി. ഇൻഫിനിക്‌സിന്റെ ഏറ്റവും പുതിയ സ്‌മാർട് ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 1080 5ജി ആണ് പ്രോസസർ. 239 ഡോളർ ആണ് (ഏകദേശം 19,400 രൂപ) വില. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ സ്മാർട് ഫോണിന്റെ വിലയും വിതരണവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇൻഫിനിക്സ് സീറോ 5ജി 2023 കറുപ്പ്, ഓറഞ്ച്, വെളുപ്പ് നിറങ്ങളിലാണ് വരുന്നത്.

ഇൻഫിനിക്സ് സീറോ 5ജി 2023 ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12 ലാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ) സ്ലോട്ടും ഉണ്ട്. 6.78 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഐപിഎസ് എൽ‌ടി‌പി‌എസ് (1,080×2,460 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 1080 5ജി ആണ് പ്രോസസർ. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ഇൻബിൽറ്റ് റാം 5ജിബി വരെ വികസിപ്പിക്കാനും കഴിയും. 50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ ഷൂട്ടറുകളും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ റിയർ സജ്ജീകരണമാണ് സ്മാർട് ഫോണിന്റെ സവിശേഷത.

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാൻ കഴിയുന്ന 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് സ്മാർട് ഫോൺ വരുന്നത്. വൈ-ഫൈ 6 a/b/g/n/ac/ax, 5ജി, എഫ്എം റേഡിയോ, ബ്ലൂടൂത്ത്, ജിപിഎസ്, ഒടിജി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഇ-കോമ്പസ്, ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, ജി-സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. 5000 എംഎഎച്ച് ആണ് ബാറ്ററി.