കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന പാലില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തി. ഡയറി ലാബുകളില്‍ നടത്തിയ പരിശോധനയില്‍ യൂറിയ, മാല്‍റ്റോ ഡെക്‌സ്ട്രിന്‍ എന്നീ രാസവസ്തുക്കളാണ് പാലില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്. കേരളത്തില്‍ ഒരുദിവസം ശരാശരി 91.4 ലക്ഷം ലിറ്റര്‍ പാലാണ് ചെലവാകുന്നത്.

ഇതില്‍ 75 ശതമാനവും പുറത്തുനിന്ന് എത്തിക്കുന്നതാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ടാങ്കറുകളിലും പാക്കറ്റുകളായും എത്തിക്കുന്ന പാല്‍ പരിശോധിച്ചപ്പോഴാണ് വിഷപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്.

2021 ഡിസംബര്‍ ഒന്നുമുതല്‍ 2022 നവംബര്‍ 30വരെ ചെക്‌പോസ്റ്റുകളോട് ചേര്‍ന്നുള്ള ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തിച്ച മായം കലര്‍ന്ന പാല്‍ കഴിഞ്ഞമാസം സംസ്ഥാനാതിര്‍ത്തികളില്‍ പിടികൂടിയിരുന്നു. ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്ത 15,300 ലിറ്റര്‍ പാലില്‍ പ്രാഥമിക പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.