ബി.ബി.സിയുടെ പ്രധാന ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്. ബി.ബി.സിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. രാത്രി വൈകിയും റെയ്ഡ് നടന്നു. പിന്നാലെ ഇന്ത്യയിൽ അടിയന്തിരാവസ്ഥ ആണെന്നും, ജനാധിപത്യം മരിച്ചുവെന്നുമൊക്കെയുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നുണ്ട്. ഇത്തരക്കാരെ പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. ഇതാണോ ഫാസിസമെന്ന് ചോദിച്ച അദ്ദേഹം വിമർശകർ ഫാസിസത്തിന്റെ വില കളഞ്ഞുവെന്നും പരിഹസിച്ചു.

‘ബ്രിട്ടീഷ് കൈരളി ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ഇൻകം ടാക്സ് റെയ്ഡ്. എന്താ കരച്ചിൽ.. സംഘപരിവാർ ഫാസിസം.. ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥ, ജനാധിപത്യം മരിച്ചു, മോദി കൊന്നു. ഇതായിരുന്നോ ഫാസിസം.. അയ്യേ..വില കളഞ്ഞു.. എന്തായാലും ഇവറ്റകളുടെ മോങ്ങൽ കാണുമ്പോൾ ഇത് ആഘോഷിക്കേണ്ടത് തന്നെയാണ്…. ഉള്ളത് കൊണ്ട് ഓണം പോലെ.. വല്ല കാലത്തുമാണ് ആഘോഷിക്കാനുള്ള വക മോദി ഒരുക്കുന്നത്’, ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചു

അതേസമയം, പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ജീവനക്കാരോട് ഓഫീസില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ഓഫീസ് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബി ബി സി ഓഫീസുകളില്‍ പരിശോധന നടക്കുന്നത്. കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യന്‍ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു