പൂർണമായും വനിതകളെ ഉൾപ്പെടുത്തി സ്പീക്കർ പാനൽ. പതിന‍ഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിലാണ് പാനൽ പ്രഖ്യാപിച്ചത്. സി കെ ആശ, യു പ്രതിഭ, കെ കെ രമ എന്നിവരാണ് പാനലിൽ ഉൾപ്പെട്ടിരിക്കുന്നത്.

പതിന‍ഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ പൂർണമായും വനിതകളെ ഉൾപ്പെടുത്തി സ്പീക്കർ പാനൽ പ്രഖ്യാപിച്ചു. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കേണ്ട സ്പീക്കർ പാനലിലാണ് ഇക്കുറി വനിതകൾ മാത്രം ഇടംപിടിച്ചിരിക്കുന്നത്. ഭരണപക്ഷത്തുനിന്നു രണ്ടുപേരെയും പ്രതിപക്ഷത്തുനിന്നു ഒരാളെയും ഉൾപ്പെടുത്തിയാണ് പാനൽ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പീക്കർ എ എൻ ഷംസീർ ആണ് വനിതകൾ പാനലിൽ വരണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.

ഭരണപക്ഷത്തുനിന്നു സി കെ ആശയും യു പ്രതിഭയും പ്രതിപക്ഷത്തുനിന്നു കെ കെ രമയുമാണ് പാനലിൽ ഉൾപ്പെട്ടിരിക്കുന്നത്. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതകളെ മാത്രം ഉൾപ്പെടുത്തി പാനൽ പ്രഖ്യാപിക്കുന്നത്. മൂന്നംഗ സ്പീക്കർ പാനലിൽ സാധാരണ ഒരു വനിതാ അംഗം മാത്രമാണ് ഉൾപ്പെടാറുള്ളത്

അതേസമയം പ്രതിപക്ഷത്തുനിന്ന് സഭയിലെ പുതുമുഖമായ ഉമ തോമസ് എത്തുമെന്നായിരുന്നു ഭരണപക്ഷം കരുതിയിരുന്നത്. ഇതു തെറ്റിച്ചാണ് സ്പീക്കർ പാനലിലേക്ക് വടകര എംഎൽഎ കെ കെ രമയുടെ പേര് പ്രതിപക്ഷം നിർദേശിച്ചത്. സ്പീക്കർ പാനലിൽ ഉൾപ്പെട്ട യു പ്രതിഭ കായംകുളം എംഎൽഎയും സി കെ ആശ വൈക്കം എംഎൽഎയുമാണ്