തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തെറിക്കുമോ? സാധ്യത ഇല്ലാതില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. സുധാകരന്റെ ബി ജെ പി അനുകൂല പ്രസ്തവാനങ്ങൾ ഇതിനോടകം തന്നെ വലിയ യു ഡി എഫിൽ അതൃപ്തിക്ക് വഴി വെച്ചിട്ടുണ്ട്. യു ഡി എഫിലെ പ്രധാന ഘടകക്ഷിയായ മുസ്ലീം ലീഗ് പരസ്യമായി തന്നെ സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. ചെറു കക്ഷികളും സുധാകരന്റെ സമീപകാല വിവാദങ്ങളിൽ തൃപ്തരല്ല. ഈ സാഹചര്യത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ നയിക്കാൻ ശക്തനായ നേതാവ് അമരത്ത് ഉണ്ടാകണമെന്നാണ് യുഡിഎഫിലെ പൊതുവികാരം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു വിഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തുന്നതും സുധാകരൻ അധ്യക്ഷനാകുന്നതും. എന്നാൽ അധ്യക്ഷ പദം ഏറ്റെടുത്ത അന്ന് മുതൽ സുധാകരനെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾക്ക് യാതൊരു അയവുമില്ല. സുധാകരന്റെ ആർ എസ് എസ്, ബി ജെ പി അനുകൂല പ്രതികരണങ്ങളാണ് പാർട്ടി നേതാക്കളേയും ഘടകക്ഷികളേയുമെല്ലാം ചൊടിപ്പിച്ചിരിക്കുന്നത്.

ഹൈക്കമാന്റിനും സുധാകരനിൽ അതൃപ്തിയുണ്ട്. സുധാകരന്റെ നെഹ്റു വിരുദ്ധ പരാമർശങ്ങളിൽ എ ഐ സി സി നേതൃത്വം അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. നിർണായകമായ ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ സുധാകരൻ തുടരുന്നത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്നതാണ് കോൺഗ്രസിലെ ചർച്ചകൾ. ഈ സാഹചര്യത്തിൽ മാറ്റം അനിവാര്യമാണെന്ന വികാരവും നേതാക്കൾ പങ്കുവെയ്ക്കുന്നു.