പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജി സ്മാർട്ട്ഫോണുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടെലിഫോട്ടോ ക്യാമറ കോംപണന്റ് വികസിപ്പിച്ചെടുത്തു. ചിത്രങ്ങളുടെയും വീഡിയോകളുടെയും ഗുണനിലവാരം നഷ്ടപ്പെടാതെ, സൂം ചെയ്യാൻ സാധിക്കുന്ന ഈ സംവിധാനം 2023- ൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലാണ് അവതരിപ്പിക്കുക. 4x, 9x ശ്രേണികളിലേക്ക് മാറുമ്പോഴും ഇമേജുകളുടെ ഗുണനിലവാരം നിലനിർത്താൻ സാധിക്കുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത.

സാധാരണയായി വ്യത്യസ്ഥ മാഗ്നിഫിക്കേഷനുകളിൽ ഹൈ- ഡെഫിനിഷൻ വീഡിയോകൾ ചിത്രീകരിക്കാൻ സ്മാർട്ട്ഫോണുകൾക്ക് ഒന്നിലധികം സൂം ക്യാമറകൾ ഘടിപ്പിക്കേണ്ടതായി വരാറുണ്ട്. എന്നാൽ, പുതുതായി അവതരിപ്പിച്ച ക്യാമറ ഉപയോഗിക്കുന്നതിലൂടെ ഒറ്റ മൊഡ്യൂളിൽ തന്നെ ഈ നേട്ടം കൈവരിക്കാൻ സാധിക്കുന്നതാണ്. ഈ ക്യാമറ മോഡ്യൂൾ ഉടൻ തന്നെ എൽജിയുടെ സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. 2023 ജനുവരി 5 മുതലാണ് കൺസ്യൂമർ ഇലക്ട്രോണിക് ഷോ ആരംഭിക്കുക.