പ്രശസ്ത നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. നടി ഗിരിജ പ്രേമനാണ് ഭാര്യ. ഇന്ന് ഉച്ചയോടെ ആയിരുന്നു അദ്ദേഹത്തിന് അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. മകന്റെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു കൊച്ചു പ്രേമന്‍. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥ അനുഭവപ്പെട്ട കൊച്ചു പ്രേമനെ മകനാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. അതേസമയം ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ കൊച്ചു പ്രേമന്റെ മരണം സംഭവിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നടി ഗിരിജ പ്രേമനാണ് കൊച്ചു പ്രേമന്റെ ഭാര്യ. ഹരികൃഷ്ണന്‍

1979-ല്‍ റിലീസായ ഏഴ് നിറങ്ങള്‍ എന്ന സിനിമയിലൂടെ ആണ് കൊച്ചുപ്രേമന്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഇതിനോടകം 250 ഓളം ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചു പ്രേമന്‍ നാടകങ്ങളിലൂടെ ആണ് കലാരംഗത്തേക്ക് എത്തുന്നത്. സിനിമ കൂടാതെ മിനിസ്‌ക്രീന്‍ സീരിയലുകളിലും സജീവമായിരുന്നു കൊച്ചു പ്രേമന്‍. കെ എസ് പ്രേംകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1955 ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തെ പേയാട് എന്ന ഗ്രാമത്തില്‍ ആണ് കൊച്ചു പ്രേമന്റെ ജനനം

ആദ്യ സിനിമ ഏഴ് നിറങ്ങള്‍ ആണെങ്കിലും 1996 ല്‍ റിലീസായ ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി രാജസേനന്‍ ചിത്രങ്ങളില്‍ ഭാഗമായി. രാജസേനനൊപ്പം എട്ട് സിനിമകളില്‍ പ്രവര്‍ത്തിച്ചു. തുടക്കകാലത്ത് സ്വന്തമായി നാടകമെഴുതിയിരുന്ന കൊച്ചുപ്രേമന്‍ ആകാശവാണിക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ലഭിച്ചു.

ദില്ലിവാല രാജകുമാരന്‍, തിളക്കം, കല്യാണരാമന്‍, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാമുംബൈ, ലീല, ഓര്‍ഡിനറി, മായാമോഹിനി, പാപ്പീ അപ്പച്ചാ, കഥാനായകന്‍, ദി കാര്‍, ഗുരു, ഞങ്ങള്‍ സന്തുഷ്ടരാണ്, നാറാണത്ത് തമ്പുരാന്‍, നരിമാന്‍, അച്ഛനെയാണെനിക്കിഷ്ടം, ഉത്തമന്‍, ഉടയോന്‍, തൊമ്മനും മക്കളും, മിഴികള്‍ സാക്ഷി, ആയിരത്തില്‍ ഒരുവന്‍, ശിക്കാര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ഒരു സ്മാള്‍ ഫാമിലി, തേജാഭായി & ഫാമിലി, ട്രിവാന്‍ഡ്രം ലോഡ്ജ് , ദി പ്രീസ്റ്റ്, കൊച്ചാള്‍ എന്നിവയാണ് പ്രധാന സിനിമകള്‍