അവ മയങ്കി എഴുന്തിരിക്കട്ടും, എല്ലാം സെരിയ പോയിടും’
സ്വപ്നങ്ങളെക്കുറിച്ചുള്ള സാമാന്യധാരണ, രാത്രിയിലെ ആഴമുള്ള ഉറക്കത്തിൽ വിരിയുന്നത് എന്നാണ്. സ്വപ്നങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളിൽ ഫ്രോയിഡും ഇത്തരം സ്വപ്നങ്ങളെയാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. രാത്രി സ്വപ്‌നങ്ങൾ കൂടാതെ മനുഷ്യർക്ക് സംഭവിക്കുന്ന പകൽസ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങളെന്ന് പൂർണമായും വിളിക്കാൻ കഴിയില്ലെങ്കിലും സ്വപ്നങ്ങളുടെ സ്വഭാവമുള്ള ചിന്തകളാണ് പലപ്പോഴും ദിവാസ്വപ്നങ്ങൾ. ജെയിംസ് എന്ന തൊടുപുഴക്കാരൻ വേളാങ്കണ്ണിയിലേക്ക് പോയി മടങ്ങുംവഴി ഉണ്ടാകുന്ന ഒരു ദിവാസ്വപ്നമാണ് നൻപകൽ നേരത്ത് മയക്കം. ജയിംസിന്റെ ജീവിതത്തിലെ ഒരു നാടകരംഗമെന്ന് വേണമെങ്കിലും ചിത്രത്തെ വിശേഷിപ്പിക്കാം. സംവിധായകൻ നൽകുന്ന നറേഷനുകൾ ഇത് രണ്ടും സാധ്യമാക്കുന്നുണ്ടെങ്കിലും, വ്യക്തിപരമായി ജയിംസിന്റെ പകൽസ്വപ്നത്തിലെ ഒരു ഓർമ്മയായി തെളിയുന്നതാണ് നൻ പകൽനേരത്ത് മയക്കം എന്നാണ് ഞാൻ കരുതുന്നത്.
രാത്രിസ്വപ്‌നങ്ങൾ പോലെയല്ല ദിവാസ്വപ്നങ്ങളെന്നും, പകലുണ്ടാകുന്നത് യാഥാർഥ്യത്തോട് കൂടുതൽ അടുത്ത് നിൽക്കുന്ന ബോധമനസ്സിന് സംഭവിക്കുന്ന മയക്കമാണ് എന്നും, ദിവാസ്വപ്നങ്ങൾക്ക് മനുഷ്യന്റെ ബോധമനസ്സും ചിന്തകളുമായി കുറച്ചുകൂടി അടുപ്പമുണ്ടെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റും, മൈസൂർ ജെ എസ് എസ് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അഭിരാം എം അജയ് പറയുന്നു. അത്തരം ചിന്തകൾക്ക് ഒരു സ്വപ്നത്തിന്റേതിന് സമാനായ രീതിയിൽ ദൃശ്യങ്ങൾ ലഭിക്കുന്നു. ശരിക്കുമത് സ്വപ്നമല്ല, മറിച്ച് ആ മനുഷ്യന്റെ ഉള്ളിൽ രൂപപ്പെടുന്ന ചിന്തകളാണ്. ആ ചിന്തകൾക്ക് ദൃശ്യഭാഷ നൽകുകയാണ് പകൽമയക്കം ചെയ്യുന്നത്.
തലേദിവസത്തെ ഉറക്കത്തെക്കുറിച്ച് ആദ്യമേ തന്നെ നായകൻ പറഞ്ഞുവെക്കുന്നു. ആദ്യഷോട്ടിൽ തന്നെ അശോകന്റെ കഥാപാത്രവും ഉറക്കമില്ലായ്മയുടെ കഥ പറയുന്നുണ്ട്. അതിനാൽ ദിവാസ്വപ്നത്തിന്റെ സാധ്യത കൂടുതലാണ്. നാടകസംഘത്തിന്റെ ‘ഒരിടത്ത്’ എന്ന നാടക ബോർഡ് വെച്ച വണ്ടിയിലാണ് ഈ യാത്രയുടെ തുടക്കം. യാത്രയുടെ പകുതിവഴിയിൽ കഥാപാത്രങ്ങളെല്ലാം നിദ്രയിലേക്ക് ഓടിക്കയറുന്നിടത്ത് നിന്നാണ് ‘നൻ പകൽ നേരത്ത് മയക്കം’ ആരംഭിക്കുന്നത്. അവിടെ നിന്നുള്ള രണ്ടാമത്തെ യാത്രയിൽ ജെയിംസ് ആണ് ഡ്രൈവർ. തുടർന്നങ്ങോട്ട് കൊടുക്കൽ വാങ്ങലുകളുടെ ഒരു ജീവിതമാണ്, നാടകമാണ് സിനിമയായി മാറുന്നത്. ഒരു സ്വപ്നത്തിലെന്നപോലെ അയാൾ കഥാപരിസരങ്ങളിലൂടെ നടന്നുനീങ്ങുന്നു. കഥ സംഭവിക്കുന്നിടത്തേക്ക് ജെയിംസ് ചെന്നുകയറുകയാണ്. ജയിംസിന്റെ വരവോടെ കഥ ജെയിംസിന്റേത് കൂടിയാകുന്നു.
പ്രാദേശികവാദങ്ങളെ ചോദ്യം ചെയ്യുന്ന, അതിർത്തികളും അന്യരുമില്ലെന്ന് വാദിക്കുന്ന, മനുഷ്യർ മാത്രമേ ഉള്ളൂവെന്ന് പറയാൻ ശ്രമിക്കുന്ന കഥ. ഒരേ കാലത്തിൽ, വ്യത്യസ്ത നാടുകളിൽ ജീവിക്കുന്ന, ഒരേ പ്രകൃതമുള്ള മനുഷ്യരുടെ ജീവിതമാണ്. നമ്മൾ ഇവിടെ ജീവിക്കുന്നത് പോലെ മറ്റൊരാൾ വേറൊരിടത്ത് ജീവിക്കുന്നു. നമ്മൾ ചായ കുടിക്കും പോലെ, നമ്മൾ മുടിചീകും പോലെ, നമ്മൾ വർത്തമാനം പറയുംപോലെ, നമ്മൾ ചിരിക്കുംപോലെ വേറെ ഒരാൾ, നമുക്കറിയാത്ത നാട്ടിൽ നമുക്കറിയാത്ത ഭാഷയിൽ നമ്മുടേതല്ലാത്ത പേരിൽ ജീവിക്കുന്നത് ആലോചിച്ച് നോക്കുക. നമ്മളും അവരും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കും!
അന്വേഷണമാണ് ലിജോ ജോസ് ചിത്രങ്ങളുടെ സ്ഥായീഭാവമെന്ന് തോന്നാറുണ്ട്. ചില ചിത്രങ്ങളിൽ അത് പ്രത്യക്ഷത്തിൽ പ്രേക്ഷകന് മനസ്സിലാകുമ്പോൾ ചില ചിത്രങ്ങളിൽ അത് പിടികൊടുക്കുന്നില്ല. സംസ്കാരം, ഭാഷ, ദേശാന്തരങ്ങളിലെ മനുഷ്യരുടെ ജീവിതം തുടങ്ങിയവയെക്കുറിച്ചുള്ള സംവിധായകന്റെ അന്വേഷണങ്ങളും ഉത്തരങ്ങളും നൻപകൽ നേരത്തിലുണ്ട്. ഓരോരുത്തർ ഓരോ വേഷം കെട്ടിയാടുന്ന നാടകമാണ് ജീവിതമെന്ന വാക്യത്തിന് സിനിമാഭാഷ്യം നൽകുകയാണ് ലിജോ. ചിത്രത്തിൽ സംവിധായകൻ കഥാപാത്രങ്ങളെ രണ്ടു ദേശങ്ങളിൽ അവതരിപ്പിച്ച് വേഷങ്ങൾ പരസ്പരം വെച്ചുമാറാൻ ശ്രമിക്കുന്നു എന്നുമാത്രം.
ഒരാളുടെ സ്വപ്നം പലയാളുകളുടെ ജീവിതമായി മാറുന്ന കാഴ്ചയാണ് ജയിംസിന്റെ സ്വപ്നാടനത്തിന്റെ പ്രത്യേകത. തൊടുപുഴക്കാരൻ ജെയിംസ് ഒരുച്ചയിൽ കാണുന്ന സ്വപ്നം, സുന്ദറിന്റെ കുടുംബത്തിന്റെ ഏറെനാളത്തെ സ്വപ്നസാക്ഷാത്കാരമായി മാറുന്നു. വർഷങ്ങളായിട്ടും തിരിച്ചുവരാത്ത സുന്ദറിനുവേണ്ടി കാത്തിരിക്കുന്ന മനുഷ്യർക്ക് മുന്നിലേക്ക് അയാൾ ഒരു ദിവസം ജീവനോടെ കയറി വന്നാൽ എങ്ങനെയുണ്ടാകും?
നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയെന്ന് കരുതുന്ന ‘പൂങ്കുഴലിയുടെ’ ഒരുദിവസം നീണ്ടുനിൽക്കുന്ന സ്വപ്നമാണ് നൻ പകൽ നേരത്ത് മയക്കം. അവളുടെ ഉച്ചയുറക്കത്തിലേക്കാണ് ജെയിംസ് നടന്നു കയറുന്നത്. ആ പകൽസ്വപ്നത്തിലും പൂങ്കുഴലി സുന്ദറിനെ സ്വപ്നം കണ്ടിരിക്കണം. അതിനാൽ തന്നെ അയാളുടെ കടന്നു വരവ് അവളിൽ ഉന്മത്തമായൊരു പകൽസ്വപ്നമായിരുന്നു. സുന്ദറിന്റെ രൂപവും ഭാവവും പകർന്ന്, അതേ ശബ്ദത്തിൽ തന്നെ വിളിച്ചെന്നു പൂങ്കുഴലി പറയുമ്പോൾ ജെയിംസ് എത്രമാത്രം സുന്ദറായിരുന്നു എന്ന് പ്രേക്ഷകന് മനസിലാകും. പൂ റാം അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തിനും ഒരു സ്വപ്നം കണ്ടുതീർന്ന പോലെത്തന്നെയാണ്. ഒരുച്ചയിൽ തന്റെ ഉറക്കം കെടുത്തിക്കൊണ്ട് കയറിവന്ന ‘മകൻ’ അടുത്ത ഉച്ചയിൽ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നുപോയത് അയാൾ ഒരു സ്വപ്നമായല്ലാതെ ഓർക്കില്ല.
മുത്തിനൊപ്പം ഇരുന്ന് ചോറുണ്ണുന്ന സീനിലെ കാക്കയുടെ അവതരണം പല വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെങ്കിലും, മരിച്ചവർ കാക്കകളായി എത്തി ബലിച്ചോറ് കഴിക്കുമെന്ന് മിത്തുണ്ട്. ഇവിടെ ജെയിംസ് അത്തരമൊരു ‘മനുഷ്യ ബലിക്കാക്ക’യാകുന്നു എന്ന് പ്രേക്ഷകന് തോന്നിയേക്കാം.
തലേദിവസം സ്വപ്നത്തിലേക്ക് ഇറങ്ങിപ്പോയ ജെയിംസ്, സുന്ദറിന്റെ ജീവിതം പൂർത്തിയാക്കി, ആ ഉച്ചയിൽ ജീവിതത്തിലേക്ക് നടക്കുകയാണ്. ശുഭമെന്ന് തോന്നുന്ന ഒരു നിമിഷത്തിൽ, ഒരു നായ ആസ്വാദകന്റെ ഹൃദയത്തെ പിടിച്ചുലച്ച് ഓടിപ്പോകും. സ്വപ്നമെന്നോ, ജീവിതമെന്നോ, കഥയെന്നോ തിരിച്ചറിയാത്ത ഒരു നിമിഷത്തിൽ നമ്മൾ തരിച്ച് നിൽക്കും. സ്വപ്നത്തിന് ഭംഗം വന്ന മനുഷ്യന്റെ ദുഖമോ, പുതിയ സ്വപ്നത്തിലേക്ക് ഉണർന്നെണീക്കുന്ന മനുഷ്യരുടെ ആകാംഷയോ; പ്രേക്ഷകനെ പൊതിയുന്ന ആ നേർത്ത പാളി എന്താകാം?