സംസ്ഥാന പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണകേസിലെ പ്രതി ഇടുക്കി എ.ആര്‍ കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇത് സംബന്ധിച്ച് ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് തീരുമാനം. ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ഒരു മാസത്തിനകം പിരിച്ചുവിടല്‍ നടപടി നേരിടുന്ന ആറാമത്തെ പൊലീസുകാരനാണ് ഷിഹാബ്.

കഴിഞ്ഞ സെപ്തംബര്‍ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി കാഞ്ഞിരപ്പള്ളി ടൗണിലെ പഴക്കടയില്‍ നിന്ന് മാങ്ങാ മോഷ്ടിച്ചത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കിയിരുന്നു. വിഷയം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുകയും സംസ്ഥാന പൊലീസിന് തന്നെ നാണക്കേടായി മാറുകയും ചെയ്തതോടെയാണ് ഷിബാഹിനെ പിരിച്ചുവിടാന്‍ പൊലീസ് തീരുമാനിച്ചത്.

ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഇടുക്കി എസ്.പി വി.യു.കുര്യാക്കോസ് പിരിച്ചുവിടലിന് മുന്നോടിയായുള്ള നോട്ടീസ് നല്‍കി. മാങ്ങാ മോഷണം കൂടാതെ ഷിഹാബിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടിയുള്ളതും അച്ചടക്ക നടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചു. പതിനഞ്ച് ദിവസത്തിനകം ഇടുക്കി എസ്.പിക്ക് വിശദീകരണം നല്‍കണം. അതനുസരിച്ചായിരിക്കും അന്തിമനടപടി