പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തുറന്നടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ മന്ത്രിമാര്‍ പ്രതിപക്ഷ നേതാവിന് കൊട്ടാനുളള ചെണ്ടയല്ലെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് വിഡി സതീശന്‍ ഉന്നയിച്ച പരിഹാസത്തിനാണ് മന്ത്രി കാസര്‍കോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മറുപടി നല്‍കിയത്.

റോഡുകളില്‍ മഴക്കാലപൂര്‍വ്വ അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്നും കാര്യങ്ങളില്‍ പരിചയക്കുറവ് ഉണ്ടെങ്കില്‍ മുന്‍ മന്ത്രി ജി സുധാകരനോട് മന്ത്രി ഉപദേശം തേടണം എന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരിചയക്കുറവ് മറച്ച് വെക്കാന്‍ മറ്റുളളവരുടെ മേല്‍ കുതിര കയറുകയാണെന്ന് മുഹമ്മദ് റിയാസ്

കേരളത്തിലെ മന്ത്രിമാര്‍ക്ക് പരിചയക്കുറവുണ്ടെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനുളള പക്വത കുറവിന് കാരണം പരിചയക്കുറവാണോ എന്ന് പറയണം. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ കരുണാകരനും ഉളള പരിചയ സമ്പത്ത് തനിക്കില്ല എന്നതാണ് വിഡി സതീശനെ അലട്ടുന്ന പ്രശ്‌നം. അത് മറ്റുളളവരുടെ തലയില്‍ വെച്ച് കെട്ടരുത്, ക്രിയാത്മകമായ വിമര്‍ശനം ആര് ഉന്നയിച്ചാലും അത് സ്വീകരിക്കാന്‍ തയ്യാറാണ്, മുഹമ്മദ് റിയാസ് വ്യക്തമാക്കി.

തങ്ങളാരും അനാവശ്യമായി ഒരാളുടെ മേലെയും കുതിര കയറാറില്ല. എന്നാല്‍ മറ്റുളളവര്‍ക്ക് കുതിര കയറാന്‍ നിന്ന് കൊടുക്കാറുമില്ല. ഒരാളെ ആകെ അവഹേളിക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കും. താനാണ് ഏറ്റവും വിവരം ഉളള ആള്‍ എന്ന് പറഞ്ഞ് മറ്റുളളവരെ അധിക്ഷേപിച്ചാല്‍ അത് ചൂണ്ടിക്കാട്ടും എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാവരേയും പോയി തോണ്ടിയിട്ട് തിരിച്ചൊന്ന് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്ന കുട്ടിയുടെ അവസ്ഥയാണ് പ്രതിപക്ഷ നേതാവിന്റെത്