എന്‍ഡിടിവി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാര്‍ സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചു. ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്, പ്രൈം ടൈം എന്നീ ജനകീയ പരിപാടികള്‍ ടിവി ചാനലില്‍ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് രവീഷ് കുമാര്‍. രാജ്യത്തെ ജനകീയ വിഷയങ്ങളില്‍ താഴെ തട്ടിലെത്തി മികച്ച റിപ്പോര്‍ട്ടിംഗ് നടത്തിയതിലൂടെ ശ്രദ്ധേയനായിരുന്നു രവീഷ് കുമാര്‍. മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് രണ്ട് തവണ രാംനാഥ് ഗോയങ്കെ പുരസ്‌കാരവും മാഗ്‌സസെ പുരസ്‌കാരവും രവീഷ് കുമാറിന് ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ മറ്റ് പ്രവര്‍ത്തകര്‍ക്ക് മാനേജ്‌മെന്റ് അയച്ച ഇമെയില്‍ വഴിയാണ് രവീഷ് കുമാറിന്റെ രാജി പുറംലോകമറിഞ്ഞത്. അദ്ദേഹത്തിന്റെ രാജി ആവശ്യം അംഗീകരിച്ചെന്നും ഇമെയിലില്‍ പറയുന്നു. സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായിരുന്നു രവീഷ് കുമാര്‍. അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പുതിയ സംരംഭങ്ങള്‍ വിജയിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് നമുക്കറിയാമെന്നും ഇമെയിലില്‍ പറയുന്നു.