ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അരുണാചലിന്റെ രാജ്യാതിര്‍ത്തിയില്‍ ചൈനീസ് സൈന്യം സംഘര്‍ഷത്തിന് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

‘അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറില്‍ ഇന്ത്യന്‍ സൈന്യവുമായി ചൈനീസ് പട്ടാളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എന്നാല്‍ രാജ്യാതിര്‍ത്തി കടന്ന് വന്ന് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുക്കാന്‍ ചൈനയ്ക്കാകില്ല. ഇന്ത്യന്‍ സൈന്യം ശക്തമായ പ്രതിരോധവും തിരിച്ചടിയുമാണ് നല്‍കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചൈനീസ് പട്ടാളത്തിന് തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. അപാരമായ ധീരതയാണ് ഇന്ത്യന്‍ സൈന്യം പ്രകടമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇവിടെയുള്ളപ്പോള്‍ ഒരാള്‍ക്കും ഇന്ത്യയുടെ മണ്ണ് പിടിച്ചെടുക്കാന്‍ കഴിയില്ല’, അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് നിന്നിരുന്ന മാദ്ധ്യമപ്രവര്‍ത്തകരോടായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.