ഒരു പ്രണയ ദിനം കൂടി വന്നെത്തുകയാണ്. പ്രണയിക്കുന്നവരും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരും ഈ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ മലയാളികളുടെ മനസ്സിൽ പ്രണയത്തിന്റെ പുതുഭാവങ്ങൾ രചിച്ച ചില ചിത്രങ്ങളെ പരിചയപ്പെടാം.

പ്രണയം എന്ന് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകർ ആദ്യം ഓർക്കുന്നത് ജയകൃഷ്ണനെയും ക്ലാരെയുമാണ്. 1987 ൽ പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത തൂവാനത്തുമ്പികൾ മലയാള സിനിമയിലെ ഒരു പ്രണയ കാവ്യമാണ്.

1999 ൽ കമൽ സംവിധാനം ചെയ്ത നിറം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം കുഞ്ചാക്കോ ബോബൻ – ശാലിനി താരജോഡികൾക്ക് ആരാധകരെ സമ്മാനിച്ചു. ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായര് പയ്യന്റെ കഥപറഞ്ഞ തട്ടത്തിൻ മറയത്ത്, ഗിരിയെ പ്രണയിച്ച പൂജയുടെ ജീവിതവുമായി എത്തിയ ഓം ശാന്തി ഓശാന തുടങ്ങി വിരഹത്തിന്റെയും കാത്തിരിപ്പിന്റെയും സുഖം പറഞ്ഞ അനാർക്കലി, എന്ന് നിന്റെ മൊയ്തീൻ എന്നിങ്ങനെ ഒരുപിടി പ്രണയ ചിത്രങ്ങൾ മലയാളത്തിന് സ്വന്തം

2015 ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം ജേർജ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടായ മൂന്ന് പ്രണയങ്ങളെയാണ് അവതരിപ്പിച്ചത്. 2022ലെ ആദ്യ വിജയ ചിത്രമായിരുന്നു ‘ഹൃദയം’. പ്രണവ് മോഹൻലാലിന് നായികമാരായി കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും എത്തിയ ഹൃദയം പ്രണയത്തിന്റെ സൗന്ദര്യം കാണിച്ചു തന്ന ചിത്രമായിരുന്നു