ശബരിമലയിലേയ്ക്ക് ഭക്തരുടെ നിലയ്ക്കാത്ത ഒഴുക്ക്. ഒരു ലക്ഷത്തോളം പേരാണ് ദിനംപ്രതി ശബരിമലയിലേയ്ക്ക് എത്തുന്നത്. ഇതോടെ നടവരവിലും വന്‍ വര്‍ധന ഉണ്ടായി. ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ 125 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. വരും ദിവസങ്ങളിലും ഒരു ലക്ഷത്തിനടുത്ത് തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ദേവസ്വം ബോര്‍ഡിന് വലിയ ആശ്വാസം നല്‍കുന്നതാണ് ശബരിമല നട വരവിന്റെ കണക്കുകള്‍. തീര്‍ത്ഥാടന കാലം ആരംഭിച്ച് ആദ്യ 24 ദിവസത്തെ കണക്കുകളാണ് ദേവസ്വം ബോര്‍ഡ് പുറത്തു വിട്ടത്. അപ്പം അരവണ വില്‍പ്പനയിലൂടെയാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കുന്നു.

ശബരിമലയില്‍ വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കാനാണ് സാദ്ധ്യതയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. വരാനിരിക്കുന്നത് അവധി ദിവസങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് വിലയിരുത്തല്‍. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മരക്കൂട്ടം മുതല്‍ ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തിരക്ക് നിയന്ത്രിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മാത്രമാണ് ഭക്തര്‍ക്ക് ഇപ്പോള്‍ ശബരീശ ദര്‍ശനം ലഭിക്കുക.