ഇതിഹാസ പ്രണയ കഥയായ ശാകുന്തളം സിനിമയാകുന്നു. ശകുന്തളയാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. തെന്നിന്ത്യയിലെ പല നടന്മാരുടെ പേരും പ്രഖ്യാപിച്ചെങ്കിലും ഒടുവിൽ നറുക്ക് വീണത് ദേവ് മോഹനായിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും. ശാകുന്തളം 3ഡിയിൽ എത്തിക്കാനായിരുന്നു കഴിഞ്ഞ വർഷം നവംബറിൽ നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവച്ചത്.

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖറാണ് സംവിധാനം ചെയ്യുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. ചിത്രത്തിൽ മധുബാല, മോഹൻ ബാബു, സച്ചിൻ ഖേദ്ക്കർ, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, കബീർ ബേദി, അല്ലു അർഹ എന്നിവർ അഭിനയിക്കുന്നു.

മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്. നേരത്തെ, സാമന്തയ്‌ക്കൊപ്പമുള്ള തന്റെ ഫോട്ടോ ദേവ് മോഹൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സംഗീതം മണി ശർമ്മ, ഛായാഗ്രഹണം ശേഖർ വി ജോസഫ്, കല അശോക്, പിആർഓ ശബരി.