പാറശാല സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കാമുകി ഗ്രീഷ്മയുടെ മൊഴി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി-2 രേഖപ്പെടുത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്നും കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു. പോലീസ് നിർബന്ധിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്നും തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഗ്രീഷ്മ പറഞ്ഞു. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് ഗ്രീഷ്മ പോലീസിനു നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ളത്.

ഗ്രീഷ്മയുടെ മൊഴി അന്വേഷണത്തെ ബാധിക്കില്ലെന്നും പ്രതികൾ കോടതിയിൽ കുറ്റം നിഷേധിക്കാറാണു പതിവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഗ്രീഷ്മയുടെ മൊഴി വിഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 70 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. ബന്ധപ്പെട്ട് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിർമ്മൽ കുമാറിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഗ്രീഷ്മയുടെ അമ്മയ്ക്കും സഹോദരനും സംഭവത്തിൽ ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.