ഇന്ത്യൻ വിപണിയിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ചെറിയ എക്സ്ക്ലൂസീവ് ആപ്പിൾ സ്റ്റോറുകൾ തുറക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയിലുമായി ഐഫോൺ നിർമ്മാതാക്കൾ ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ഏകദേശം 500 മുതൽ 600 ചതുരശ്ര അടിയുള്ള നൂറിലധികം ആപ്പിൾ സ്റ്റോറുകളാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുക.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഐഫോൺ വിതരണം സുഗമമാക്കാൻ ഇന്ത്യയിൽ ഒരു ഇലക്ട്രോണിക്സ് നിർമ്മാണ സംയുക്ത സംരംഭം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ ഗ്രൂപ്പ് ആപ്പിൾ സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നത്. അതേസമയം, ഐഫോൺ നിർമ്മാണത്തിലേക്ക് ചുവടുറപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ടാറ്റ ഗ്രൂപ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ കരാർ വിജയകരമായാൽ, ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം ടാറ്റ ഗ്രൂപ്പിന് സ്വന്തമാകും.