ഉപയോക്താക്കൾക്ക് മികച്ച സ്മാർട്ട്ഫോൺ അനുഭവം നൽകുന്നതിന്റെ ഭാഗമായി പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, സ്മാർട്ട്ഫോണുകളുടെ ബാറ്ററി ഉപയോക്താക്കൾക്ക് പഴയത് പോലെ ഊരിയെടുക്കാൻ സാധിക്കുന്ന തരത്തിൽ നിർമ്മിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമം ഉടൻ പ്രാബല്യത്തിലാക്കാനും യൂറോപ്യൻ യൂണിയൻ പദ്ധതിയിടുന്നുണ്ട്.

ഏതാനും വർഷങ്ങൾക്കു മുൻപ് വരെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബ്‌ലറ്റ് എന്നിവയുടെ പിൻ കവർ നീക്കം ചെയ്തതിനുശേഷം ഉപഭോക്താവിന് തന്നെ ബാറ്ററികൾ റിപ്ലെയിസ് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ, പുതുതായി പുറത്തിറക്കിയ ഉപകരണങ്ങളിൽ ബാറ്ററികൾ മാറ്റാനോ, പരിശോധിക്കാനോ സാധ്യമല്ല. അതിനാൽ, ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ ഉപയോക്താക്കൾ സർവീസ് സെന്ററുകളെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമായാണ് യൂറോപ്യൻ യൂണിയൻ പുതിയ നിയമം പ്രാബല്യത്തിലാക്കുന്നത്. കൂടാതെ, ബാറ്ററിയുടെ കപ്പാസിറ്റി, പെർഫോമൻസ്, ഈട്, കെമിക്കൽ കോമ്പോസിഷൻ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉപയോക്താക്കൾക്ക് നൽകേണ്ടതാണ്.