കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ താല്‍ക്കാലികമായി തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നുകൊടുത്തത്. സര്‍വീസ് റോഡിന്റെ പണി നടക്കുന്നതിനാല്‍ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് 2.71 കിലോമീറ്റര്‍ നീളമുള്ള പാത ദേശീയപാത അതോറിറ്റി തുറന്നുകൊടുത്തത്

സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയായ ശേഷം ഈ മാസം തന്നെ ഔദ്യോഗിക ഉദ്ഘാടനമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയായാല്‍ എലിവേറ്റഡ് ഹൈവേ വീണ്ടും അടച്ചിടും. പിന്നീട് ഉദ്ഘാടനത്തിന് ശേഷം മാത്രമെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കൂ. അതേസമയം, എലിവേറ്റഡ് ഹൈവേ തുറന്നെങ്കിലും ഗതാഗത കുരുക്കിന് പരിഹാരമായില്ല. എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന അല്‍സാജിന് സമീപം ഇപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

നേരത്തെ മൂന്ന് തവണ ഹൈവേ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അസൗകര്യം കാരണം നീട്ടുകയായിരുന്നു. പണി പൂര്‍ത്തിയായിട്ടും എലവേറ്റഡ് ഹൈവേ തുറക്കാത്തത് വ്യാപക ചര്‍ച്ചയായതോടെയാണ് ഉദ്ഘാടനമില്ലാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനിച്ചതെന്ന് ദേശീയപാത അതോറിട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഹൈവേയുടെ സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയായി വരികയാണ്. നിലവില്‍ സര്‍വീസ് റോഡിന്റെ ടാറിംഗ് ജോലികളാണ് ടക്കുന്നത്. ഇത് നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇത് കഴിഞ്ഞ് ഒരു വട്ടം കൂടി പരീക്ഷണാടിസ്ഥാനത്തില്‍ ഭരമുള്ള വാഹനങ്ങള്‍ ഹൈവേയില്‍ കയറ്റി ഓടിക്കും.

നവംബര്‍ ഒന്നിന് മേല്‍പ്പാലം യാത്രക്കാര്‍ക്കു തുറന്നുകൊടുക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നത്. ചില പണികള്‍ കൂടി ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ 15-നും പിന്നീട് 29-നും ഉദ്ഘാടനം മാറ്റിവച്ചു. ഡിസംബര്‍ രണ്ടിനും ഉദ്ഘാടനം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തേങ്ങ ഉടച്ച് പൂജ നടത്തി റോഡ് താല്‍ക്കാലികമായി തുറന്നത്.

ദേശീയപാത 66 ല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം മുക്കോല റീച്ചിന്റെ ഭാഗമാണ് കഴക്കൂട്ടത്തെ നാലുവരി എലിവേറ്റഡ് പാത. ദേശീയപാത അതോറിറ്റിക്കാണ് പാതയുടെ നിര്‍മാണ ചുമതല. എലിവേറ്റഡ് പാത നിര്‍മാണത്തിനുള്ള തുക 200 കോടി പൂര്‍ണമായും ദേശീയപാത അതോറിറ്റിയാണ് ചെലവഴിച്ചത്. 018ലാണ് എലിവേറ്റഡ് ഹൈവേയുടെ പണി ആരംഭിച്ചത്. 200 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഇരുഭാഗത്തും 7.5 മീറ്ററില്‍ സര്‍വീസ് റോഡുണ്ട്. 61 തൂണുകളാണ് പാലത്തിനുള്ളത്.

ഏകദേശം 220 ലൈറ്റുകള്‍ പാതയുടെ മുകള്‍ ഭാഗത്തും താഴെയുമായി സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാത ബൈപാസും നഗരത്തിലൂടെയുള്ള പഴയ ദേശീയപാതയും സംഗമിക്കുന്ന ഏറ്റവും തിരക്കേറിയ കഴക്കൂട്ടം ജംക്ഷനില്‍ പ്രവേശിക്കാതെയാണ് നാലുവരി എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്. കൊല്ലം ഭാഗത്തു നിന്നെത്തുന്നവര്‍ക്ക് കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കു സമീപത്തു നിന്ന് ഹൈവേയിലേക്ക് കയറാം. നേരേ ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 നു സമീപമാണ് പാത ചെന്നു നില്‍ക്കുക. കാര്യവട്ടം, ശ്രീകാര്യം തുടങ്ങിയ ഭാഗങ്ങളിലേക്കു പോകേണ്ടവര്‍ക്കു മാത്രമേ ഇനി കഴക്കൂട്ടം ജംക്ഷനിലേക്കു കടക്കേണ്ടതുള്ളൂ.

സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയെന്നാണു അധികൃതര്‍ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, 3.2 കിലോമീറ്ററില്‍ ആലപ്പുഴ ബൈപാസില്‍, ബീച്ചിനു സമാന്തരമായി നിര്‍മിച്ച പാതയാണ് നിലവില്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ. ആലപ്പുഴയിലേത് രണ്ടു വരി പാത ആയതിനാല്‍ നാലുവരി എലിവേറ്റഡ് ഹൈവേകളില്‍ നീളം കൂടിയതാണ് കഴക്കൂട്ടത്തേത്.