തരൂർ വിവാദം കെട്ടടങ്ങുന്നില്ല. ശശി തരൂർ എം പി (Sashi Tharoor) ഇന്ന് കോട്ടയത്ത് പര്യടനം നടത്തുന്നതിനു പിന്നാലെയാണ് വീണ്ടും വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. പാലായിൽ (Palai) സംഘടിപ്പിച്ചിരിക്കുന്ന കെ എം ചാണ്ടി അനുസ്‌മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ (Eerattupettah) യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിലുമാണ് (Youth Congress Conferance) തരൂർ പങ്കെടുക്കുന്നത്. പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും സന്ദർശിക്കും.അതേസമയം, പരിപാടിയെക്കുറിച്ച് അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്നാണ് ഡി സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചിരിക്കുന്നത്. കെ പി സി സി അച്ചടക്കസമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ശശി തരൂരിനെതിരെ എഐസിസിക്ക് പരാതി നൽകുമെന്ന് കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി. തരൂർ താരിഖ് അൻവറിൻ്റെയും അച്ചടക്ക സമിതിയുടേയും നിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും അതുകൊണ്ടുതന്നെ തരൂരിനെതിരെ പരാതി നൽകുമെന്നും നാട്ടകം സുരേഷ് പറഞ്ഞു. കോൺഗ്രസിൽ ശശി തരൂരുർ വിഷയം വീണ്ടും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് വീണ്ടും പുറത്തു വരുന്നത്.
സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെ കൊച്ചിയിൽ നടന്ന ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് കോൺക്ളേവിൽ ശശി തരൂർ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുത്തത് ഏറെ ശ്രദ്ധനേടിയിരുന്നു. കോൺക്ളേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തത് കെ സുധാകരനായിരുന്നു. തരൂരിന്റെ അഭാവത്തിൽ സംസാരിച്ച വി ഡി സതീശനും തരൂരുമായി ഏറ്റുമുട്ടലിൻ്റെ രീതി ഒഴിവാക്കിയിരുന്നു.