ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ യുഎഇ നിവാസികൾക്ക് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്

ഫോൺ, എസ്എംഎസ്, സോഷ്യൽ മീഡിയ തട്ടിപ്പുകൾ തടയുന്നതിൽ പൊതുജനങ്ങളുടെ പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് യുഎഇ ആസ്ഥാനമായുള്ള ഫോറിൻ എക്സ്ചേഞ്ച്, പണം കൈമാറ്റ കമ്പനിയായ അൽ അൻസാരി എക്സ്ചേഞ്ച് വ്യക്തമാക്കി. സംശയാസ്പദമായ സന്ദേശങ്ങൾ, ഇ-മെയിലുകൾ അല്ലെങ്കിൽ ഫോൺ കോളുകൾ എന്നിവയെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തണണെന്നും അധികൃതർ നിർദ്ദേശം നൽകി.

ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ലൈനിലേക്ക് വിളിച്ച് ‘മൈ സേഫ് സൊസൈറ്റി’ വഴി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ദുബായ് പോലീസിന്റെ ടോൾഫ്രീ നമ്പർ 901 ൽ ബന്ധപ്പെട്ടോ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘ഇ-ക്രൈം’ വഴിയോ അബുദാബി പോലീസിന്റെ ‘അമാൻ’ സേവനത്തിലൂടെയോ പരാതി അറിയിക്കാം.