ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴത്തിന്റെ (എല്‍ടിടിഇ) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി.നെടുമാരനാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഭാകരന്‍ ആരോഗ്യവാനാണെന്നും വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ അറിവോടെയാണെന്നും നെടുമാരന്‍ കൂട്ടിച്ചേര്‍ത്തു. തഞ്ചാവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെടുമാരന്‍.

തന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ പ്രഭാകരന്‍ നിലവില്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തുന്നത്’- അദ്ദേഹം പറഞ്ഞു. ‘തമിഴ് ഈഴം’ സംബന്ധിച്ച പദ്ധതി തക്ക സമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നും നെടുമാരന്‍ അവകാശപ്പെട്ടു.

2009 മേയ് 18നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന വ്യക്തമാക്കിയത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം മുന്‍ സഹപ്രവര്‍ത്തകന്‍ മുരളീധരന്‍ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മേയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ സേന പ്രസിദ്ധീകരിച്ചിരുന്നു.