ഖത്തർ ലോകകപ്പ് ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്ന നെതര്‍ലന്‍ഡ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് നായകന്‍ വിര്‍ജില്‍ വാന്‍ ഡിക്. അര്‍ജന്റീന എന്നാല്‍ മെസി മാത്രമല്ലെന്നും മെസിക്കെതിരെയല്ല, അര്‍ജന്റീനയ്ക്കെതിരെയാണ് ഞങ്ങള്‍ കളിക്കുന്നതെന്നും വാന്‍ ഡിക് പറഞ്ഞു.

‘എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ് മെസി. അദ്ദേഹത്തിനെതിരെ കളിക്കുക എന്നത് തന്നെ അഭിമാനകരമാണ്. പക്ഷേ ഞാനും എന്റെ ടീമും കളിക്കുന്നത് മെസിക്കെതിരെയല്ല, അര്‍ജന്റീനയ്ക്കെതിരെയാണ്. ലോകോത്തര നിലവാരമുള്ള നിരവധി കളിക്കാര്‍ അവര്‍ക്കുണ്ട്’ വിര്‍ജില്‍ വാന്‍ ഡിക് പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഇതുവരെ 3 ഗോളുകള്‍ നേടിയ മെസി ആ മികവ് ഇനിയുള്ള മത്സരങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം, മെസിയെന്നാല്‍ അര്‍ജന്‍റീനയാണെന്നും എല്ലാം അവനിലൂടെയാണ് ചലിക്കുന്നതെന്നുമാണ് മെസിയുടെ മുൻ സഹതാരം ഡാനി ആല്‍വെസ് പറഞ്ഞു.

അവിസ്മരണീയമായ ലോകകപ്പിലൂടെയാണ് മെസി ഇപ്പോള്‍ കടന്നുപോകുന്നതെന്നും ഈ ലോകകപ്പില്‍ എതിരാളികള്‍ നോട്ടമിടേണ്ട കളിക്കാരിലൊരാളാണ് മെസിയെന്നും ഡാനി ആൽവെസ് കൂട്ടിച്ചേർത്തു.