സ്റ്റാറ്റസ് പ്രേമികൾക്ക് കിടിലൻ കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വോയിസ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിംഗ്സ്, സ്റ്റാറ്റസുകൾക്ക് റിപ്ലൈ നൽകുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. കൂടാതെ, 30 സെക്കൻഡ് ദൈർഘ്യമുള്ള വോയിസുകൾ സ്റ്റാറ്റസ് വെക്കാനും സാധിക്കുന്നതാണ്.

ഓരോ തവണ പോസ്റ്റ് ചെയ്യുമ്പോഴും ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ആർക്കൊക്കെ കാണാൻ സാധിക്കുമെന്ന് തീരുമാനിക്കാനാകും. കൂടുതൽ സ്വകാര്യത ഉറപ്പുവരുത്തിയുളള ഈ ഫീച്ചറിന് ഉപയോക്താക്കൾക്കിടയിൽ ജനപ്രീതി നേടാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പുതിയ അപ്ഡേറ്റിൽ സ്റ്റാറ്റസിന് റിയാക്ഷൻ നൽകാൻ 8 ഇമോജികൾ വരെ ഉപയോഗിക്കാൻ സാധിക്കും. വരും ആഴ്ചകളിൽ കൂടുതൽ ഫീച്ചറുകൾ പുറത്തിറക്കാനുള്ള ശ്രമങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്.